ഒരാണ്ട് തികയുന്ന തോട്ടപ്പള്ളി തീര സംരക്ഷണ സമരം



കേരളത്തെ മറ്റൊരു ദുരന്ത മുഖത്തേക്ക് കൂട്ടി കൊണ്ട് പോകുന്ന കാഴ്ച്ചയാണ് നമുക്ക് ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിയിൽ കാണാൻ കഴിയുന്നത്. മുറ തെറ്റാതെ വരുന്ന പ്രളയത്തിൽ കുട്ടനാട് മുങ്ങുമ്പോൾ തോട്ടപ്പള്ളിയിലെ പൊഴി മുറിച്ചാണ് കടലിലേക്ക് വെള്ളം കളയുന്നത്. പൊഴിക്ക് സമീപം തിങ്ങി നിറഞ്ഞ് നിൽക്കുന്ന കാറ്റാടി കാടുകൾ അവിടുത്തെ ആവാസ വ്യവസ്ഥയുടെ പ്രഥമ ഘടകമാണ്. ദേശാടന പക്ഷികളെ പോലും പലപ്പോഴായി ഈ ഭാഗത്ത് കണ്ടിട്ടുണ്ട്. പറഞ്ഞ് വരുന്നത്, ഈ സ്വാഭാവികതയെ എല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് കേരളാ സർക്കാര് കരിമണൽ ഖനനത്തിന് തോട്ടപ്പള്ളിയിൽ അനുമതി നൽകിയത്. പൊഴി മുറിക്കുന്നതിൻ്റെ മറവിൽ തുടങ്ങിയ ഖനന പ്രവർത്തനങ്ങൾ നീണ്ട് നിന്നപ്പോഴാണ് ജനങ്ങൾ ഇക്കാര്യം തിരിച്ചറിയുന്നത്. കേവലം ഒരു നാടിൻ്റെ പാരിസ്ഥിതിക പ്രശ്നമല്ല ഇത്. മറിച്ച് ഇതൊരു സാമുഹിക നാശത്തിൻ്റെ ഹേതുവായി മാറും. കുട്ടനാട് മുഴുവൻ വെള്ളത്തിനടിയിലാകും. കേരളക്കരയെ കീഴടക്കാൻ കെൽപ്പുള്ള സുനാമി പോലുള്ള ദുരന്തങ്ങൾക്ക് വഴി വെക്കും. അത് കൊണ്ട് തന്നെ പ്രദേശ വാസികൾ സമരത്തിലാണ്. അവരായിരിക്കുമല്ലോ കൂടുതൽ ഭയക്കുക. സാമുഹ്യ- പാരിസ്ഥിതിക പ്രവർത്തകരും സമരത്തിൻ്റെ മുൻ നിരയിൽ തന്നെയുണ്ട്.

എന്തിനാണ് കരിമണൽ?കേരള തീരത്ത് എന്ത് സാധ്യത?

ഇൽമനൈറ്റ്, മോണോസൈറ്റ്, സിൽമനൈറ്റ്, സിലിക്ക, സിർക്കോൺ, ഗ്രൈനൈറ്റ് തുടങ്ങിയ ധാതുക്കൾ അടങ്ങിയ മണ്ണിനെയാണ് കരിമണൽ എന്ന് നാം പറയുന്നത്. പെയിന്റും തുണിത്തരങ്ങളും പ്ലാസ്റ്റിക്കും റബർ ഉല്പന്നങ്ങളും പോലുള്ള സാധാരണ വസ്തുക്കൾ മുതൽ യുദ്ധോപകരണങ്ങളും ബഹിരാകാശയാനങ്ങളുമെല്ലാം നിർമ്മിക്കാൻ കഴിയുമെന്നതും ഇതിനെ വേറിട്ടുനിർത്തുന്നു. ടൈറ്റാനിയത്തിന്റെ ലോഹ അയിരുകളായ ഇൽമനൈറ്റിനും റൂട്ടൈലിനും വൻ സാമ്പത്തിക പ്രധാന്യമുണ്ട്. സിറാമിക് വ്യവസായത്തിലും അണുശക്തി രംഗത്തും ഇവ വൻതോതിൽ ഉപയോഗിക്കുന്നു.

കേരളത്തിൽ നിന്നും വിദേശത്തേയ്ക്ക് കയറ്റിയയച്ച കയറിൽ പറ്റിപ്പിടിച്ച കറുത്ത മണ്ണിന്റെ സവിശേഷത ആദ്യം തിരിച്ചറിഞ്ഞത് ബ്രിട്ടീഷുകാരായിരുന്നു. 1908 ൽ ഫെർഫാംബെർഗ് എന്ന ശാസ്ത്രജ്ഞനാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. കേരളത്തിലെ കരിമണലിൽ 55 ശതമാനം ഇൽമനൈറ്റ് ആണ് അടങ്ങിയിട്ടുള്ളത്. 25 ശതമാനത്തിൽ കൂടുതൽ ഇൽമനൈറ്റ് അടങ്ങിയ കരിമണൽ ലോകത്ത് മറ്റെങ്ങും ഇല്ലായെന്നതാണ് വിദേശ ഭീമന്മാരെപോലും ഇവിടേയ്ക്ക് ആകർഷിക്കുന്നത്. 2003 ൽ എ കെ ആന്റണിയുടെ കാലത്തെ യുഡിഎഫ് സർക്കാരാണ് ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്ത് കരിമണൽ ഖനനം നടത്താൻ ആദ്യം നീക്കം നടത്തിയത്. എന്നാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ആ നീക്കം പരാജയപ്പെട്ടു. പല രാഷ്ട്രീയ പാർട്ടി നേതൃത്വത്തേയും കരിമണൽ ഭീമന്മാർ വിലയ്ക്കെടുത്തപ്പോൾ കറപുരളാതെ അടിയുറച്ച് നിന്നത് ചുരുക്കം ചിലർ മാത്രമാണ്.

കരിമണൽ ഖനനം ആർക്കാണ് ഭീഷണി?

ഭൂമിയുടെ മൂന്നിൽ രണ്ടു ഭാഗവും കടൽ മൂടി കിടക്കുകയാണ്. ഈ തീരങ്ങൾ മിച്ചമുള്ള ഭൂമിയിലേക്ക് പതിച്ചാൽ മനുഷ്യ വാസം ഇല്ലാത്ത ഒരു ഗ്രഹമായി ഭൂമി മാറും. സുനാമികൾ അത്തരത്തിലുള്ള ഒരു പ്രകൃതി ക്ഷോഭമാണ്. ഭൂമിയെ ഒന്നടങ്കം കാർന്നു തിന്നാൻ കെൽപ്പുള്ള തിരകൾ. ലോക ജനതയെ  ഞെട്ടിച്ച സുനാമിയുടെ പ്രഭവകേന്ദ്രം ഇന്തോനേഷ്യയിലെ സുമാത്രയായിരുന്നു. ലോകഭൂപടത്തിൽ ഒട്ടേറെ സവിശേഷതകളുള്ള രാജ്യമാണ് ഇന്തോനേഷ്യ. ദക്ഷിണേന്ത്യൻ തീരങ്ങളെ നക്കിത്തുടച്ച സുനാമിയുടെ പ്രഭവകേന്ദ്രവും ഇവിടമാണ്. ഈ ഇന്തോനേഷ്യയിലാണ് ലോകത്ത് ഏറ്റവും കൂടുതൽ ഖനനം നടക്കുന്നത്. സുനാമി ദുരന്തം വിതച്ച തീരങ്ങളെ സൂക്ഷ്മമായി അപഗ്രഥിച്ചാൽ നമുക്ക് ഒരുകാര്യം ബോധ്യമാകും. ഈ തീരങ്ങളിലാണ് ഏറ്റവും കൂടുതൽ മണൽഖനനവും നടക്കുന്നത്. തായ്‌ലന്‍ഡും ശ്രീലങ്കയും തമിഴ്‌നാടും കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളുമെല്ലാം ഉത്തരമായി നമുക്ക് മുന്നിലുണ്ട്. പോളണ്ട് കഴിഞ്ഞാൽ സമുദ്രനിരപ്പിന് താഴെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കുട്ടനാട്.

കേവലം ഒരു നാടിൻ്റെ പാരിസ്ഥിതിക പ്രശ്നമല്ല ഇത്. മറിച്ച് ഇതൊരു സാമുഹിക നാശത്തിൻ്റെ ഹേതുവായി മാറും. കുട്ടനാട് മുഴുവൻ വെള്ളത്തിനടിയിലാകും. കേരളക്കരയെ കീഴടക്കാൻ കെൽപ്പുള്ള സുനാമി പോലുള്ള ദുരന്തങ്ങൾക്ക് വഴി വെക്കും.

ആലപ്പുഴ ജില്ലയിലെ ഈ മണൽഖനനം കുട്ടനാട് എന്ന പ്രദേശത്തെ തന്നെ വെള്ളത്തിൽ മുക്കിക്കൊല്ലും. 1910 ൽ കരുനാഗപ്പള്ളിക്ക് അടുത്താണ് ആദ്യത്തെ കരിമണൽ ഫാക്ടറി സ്ഥാപിച്ചത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം 1950 മുതൽ പൊതുമേഖലാ സ്ഥാ­പനമായ ഇന്ത്യൻ റെയർ എർത്ത്സ് (ഐ ആർഇ) ആണ് ഇവിടെ ഖനനം നടത്തുന്നത്. കരിമണൽ ഖനനത്തിന്റെ മ­റ്റൊരു പ്രധാനദോഷം കട­ൽത്തീരത്തെ ക്ര­മേണ ഇല്ലാതാക്കും എ­ന്നതാണ്. കൊല്ലം ജില്ലയിലെ ഖനനം നടത്തുന്ന പ്രദേശത്ത് 110 കൊല്ലത്തിനിടയിൽ 197.04 ഹെക്ടർ പ്രദേശം കടലെടുത്തു. കൂടാതെ ഖനനം മൂലം കടലിന്റെ മണൽ നിക്ഷേപവും ഇല്ലാതാക്കും. ഇത് കടലാക്രമണത്തിന് വഴിയൊരുക്കും.

ഖനനം ഉയർത്തുന്ന മറ്റൊരു പ്രധാന വെല്ലുവിളി ഈ മേഖലയിലെ ജനങ്ങൾക്കുണ്ടാകുന്ന മാരകരോഗങ്ങളാണ്. ത്വക്ക് രോഗം മുതൽ ക്യാൻസർ വരെയുള്ള രോഗങ്ങൾക്ക് പ്രദേശവാസികൾ വിധേയരാകും. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ റേഡിയേഷനുള്ള പ്രദേശമാണ് കൊല്ലം ജില്ലയിലെ ഖനനം നടക്കുന്ന ചവറ, നീണ്ടകര, പൊൻമന, ആലപ്പാട് പ്രദേശങ്ങൾ. കരിമണലിൽ അടങ്ങിയിരിക്കുന്ന തോറിയം ഏറ്റവും കൂടുതൽ അണുപ്രസരണശേഷിയുള്ളതാണ്. ഗർഭസ്ഥ ശിശുമുതൽ വൃദ്ധൻമാർവരെ ഇവിടെ മാരകമായ രോഗങ്ങളുടെ പിടിയിലാണെന്ന് റീജിയണൽ കാൻസർ സെന്റർ (ആർസിസി) ഈ മേഖലയിൽ നടത്തുന്ന പഠനങ്ങൾ വെളിപ്പെടുത്തുന്നു.

വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്ലായ്മ കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ സാമൂഹ്യാന്തരീക്ഷത്തെ സംഘർഷഭരിതമാക്കുന്നുണ്ട്. വികസനം എന്ന വാക്കിന് എപ്പോഴും പകരം നൽകേണ്ടി വരുന്നത് നമ്മുടെ പ്രകൃതിയെ തന്നെയാണ്. സുസ്ഥിര വികസനങ്ങൾ വെറും കടലാസ് പേപ്പറിലെ വാക്കുകളായി പരിവർത്തനപ്പെട്ടിരിക്കുന്നു. വ്യവസായങ്ങളുടെ മറവിൽ കോടികൾ ലാഭം കൊയ്യാനുള്ള കുത്തകഭീമന്മാരുമായി സന്ധിചെയ്യുന്ന ഭരണകൂടങ്ങളാണ് ജനകീയ സമരങ്ങളുടെ കാരണക്കാർ. പരമ്പരാഗത ജനവിഭാഗങ്ങളെ ഇല്ലാതാക്കുന്ന ഇത്തരം ഒരു കാഴ്ചപ്പാടാണ് ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്ത് നടക്കുന്ന കരിമണൽ ഖനനവും. കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കുന്നതിന് വേണ്ടിയാണ് വർഷാവർഷം തോട്ടപ്പള്ളി പൊഴി മുറിക്കുന്നത്. എന്നാൽ ഈ വർഷം ഇതിന്റെ മറവിൽ കോടികൾ വിലമതിക്കുന്ന കരിമണലാണ് കടത്തുന്നത്. ഒട്ടനവധി പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഖനനത്തിനെതിരെ നാടൊന്നാകെ സമരമുഖത്തുണ്ട്. ജനങ്ങളുടെ ആവശ്യം പുലരുന്ന നല്ലൊരു നാളെക്കായി നമുക്ക് കാത്തിരിക്കാം. ഒരു വർഷം തികയുന്ന തോട്ടപ്പള്ളി സമരത്തിന് നമുക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടെ നിൽക്കാം.

Next Post Previous Post
No Comment
Add Comment
comment url