കേരളത്തിലെ വിവിധ തരം മണ്ണുകൾ: ഘടനയും അതിലെ പ്രധാന വിളകളും

കേരളത്തിലെ മണ്ണിനെ രാസ, ഭൗതിക സ്വഭാവങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി തരം തിരിച്ചിരിക്കുന്നു. വർഷപാതത്തിന്റെ വ്യതിയാനങ്ങൾ, താപനിലയും ഇടവിട്ടുള്ള ഈർപ്പവും വരണ്ടതായ അവസ്ഥകളും പ്രത്യേകിച്ച് പടിഞ്ഞാറൻ തീരപ്രദേശം തൊട്ട് കിഴക്കൻ മലനിരകൾ വരെയും വേഗത്തിലൊഴുകുന്ന പുഴകളും എല്ലാം കേരളത്തിലെ വിവിധതരം മണ്ണുകളെ സ്വാധീനിക്കുന്നു. പൊതുവായ വർഗ്ഗീകരണത്തിൻറെ അടിസ്ഥാനത്തിൽ കേരളത്തിൽ പ്രധാനമായും എട്ടുതരം മണ്ണിനങ്ങളാണ് കണ്ടുവരുന്നത്. തീരദേശമണ്ണ്, എക്കൽമണ്ണ്, കരിമണ്ണ്, വെട്ടുകൽ മണ്ണ്, ചെമ്മണ്ണ്, മലയോര മണ്ണ്, കറുത്ത പരുത്തി മണ്ണ്, വനമണ്ണ് തുടങ്ങിയവ. കാലാവസ്ഥാ,ഭൂപ്രകൃതി, സസ്യജാലങ്ങൾ, ജലശാസ്ത്രപരമായ അവസ്ഥകൾ എന്നിവയാണ് മണ്ണിന്റെ രൂപീകരണത്തിന്റെ പ്രധാന ഘടകങ്ങൾ. മണ്ണിനെ കുറിച്ചുള്ള പഠനം പെഡോളജി എന്നറിയപ്പെടുന്നു. മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയക്ക് പെഡോജനിസിസ് എന്ന് പറയുന്നു. ഐക്യ രാഷ്ട്ര സഭ, അന്താരാഷ്ട്ര മണ്ണ് വർഷമായി 2015നെ പ്രഖ്യാപിച്ചു.ആക്റ്റിനോ എന്ന ബാക്ടീരിയയാണ് മണ്ണിനു പ്രത്യേക മണം നൽകുന്നത്.

തീരദേശമണ്ണ്

മഞ്ഞ കലർന്ന തവിട്ടു നിറമാണ് ഈ മണ്ണിന്റെ പ്രത്യേകത.മണല്‍മണ്ണ് എന്നും വിളിക്കും. കേരളത്തിലെ പടിഞ്ഞാറന്‍ സമുദ്രതീരത്തും അതിനോട് ചേർന്നുള്ള പ്രദേശങ്ങളിലും ഈ മണ്ണ് കാണപ്പെടുന്നു.ഇതില്‍ 80 ശതമാനത്തിലധികവും മണലായതിനാല്‍ ജലസംഭരണശേഷിയും ഫലപുഷ്ടിയും മറ്റു മണ്ണിനേക്കാൾ  കുറവാണ്. ധാരാളം ജൈവവളം ചേര്‍ത്താല്‍, വിളകള്‍ വളര്‍ത്താം.മണല്‍മണ്ണില്‍, ചെളികലര്‍ന്ന മണ്ണ് ചേര്‍ക്കുന്നത് നല്ലതാണ്. ചകിരിത്തൊണ്ട്, ചകിരിച്ചോറ് എന്നിവയും ചേര്‍ക്കാം. വേനലില്‍ ചെറിയ രീതയിലുള്ളനന നല്‍കണം.

പരിമിതികൾ

  • സസ്യാഹാരമൂലകങ്ങള്‍ വളരെ കുറവ്.
  • ഉയര്‍ന്ന ജലനിരപ്പ്‌ ഈ മണ്ണിന്റ പ്രത്യേകതയാണെങ്കിലും ഈര്‍പ്പം നിലനിര്‍ത്താനുള്ള കഴിവ് വളരെ കുറവാണ്.

പരിപാലനമുറകള്‍

  • ജൈവ വളങ്ങളും ജൈവ പദാര്‍ത്ഥങ്ങളും വളരെ അധികം ചേര്‍ക്കുക. 
  • ചെടിയുടെ ചുവട്ടില്‍ ചെളി കലര്‍ന്ന മണ്ണ് ഇടുക.
  •  തൊണ്ട്, ചകിരിചോറ് എന്നിവ ചേര്‍ക്കുക. 
  • രാസവളങ്ങള്‍ തവണകളായി ചേര്‍ക്കുക .

പ്രധാനവിളകള്‍

തെങ്ങ്, കശുമാവ്, മറ്റു ഫല വൃക്ഷങ്ങള്‍

എക്കൽമണ്ണ്

പുഴയോരത്തും അതിനോട് ബന്ധപ്പെട്ട സമതപ്രദേശത്തും കണ്ടുവരുന്ന മണ്ണാണ് എക്കൽമണ്ണ് (Alluvial soil). ഫലപുഷ്ടിയുള്ള ഈയിനം മണ്ണിലാണ് കൃഷി നന്നായി നടക്കുന്നത്. മഴക്കാലത്ത് വെള്ളപ്പൊക്കഭീഷണിയുള്ള ഈയിനം മണ്ണിന് നീർവാർച്ച കുറവാണ്. പുഴയോട് ചേർന്നുള്ള പ്രദേശങ്ങളിലായതിനാൽ മണ്ണൊലിച്ചുപോകുന്നതിനുള്ള സാധ്യതയുണ്ട്.

എക്കൽമണ്ണിനെ  ഖാദർ, ഭംഗർ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. നദീതടങ്ങളിൽ രൂപം കൊള്ളുന്ന പഴയ എക്കൽ മണ്ണാണ് ഭംഗർ. നദീതടങ്ങളിൽ പുതുതായി രൂപം കൊള്ളുന്ന എക്കൽ മണ്ണാണ് ഖാദർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന മണ്ണാണ് എക്കൽ മണ്ണ്. ഏറെ ഫലപുഷ്ടിയുള്ള എക്കൽ മണ്ണിൽ വിളകളും നന്നായി വിളയും.

പരിമിതികള്‍

  • മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണി,ഉയര്‍ന്ന ജലനിരപ്പ്‌.
  • പുഴക്കരയിലെ മണ്ണും കൃഷിയും ഒലിച്ചു  പോകാനുള്ള സാധ്യത.

പരിപാലനാമുറകള്‍

  • പുഴയോരങ്ങളില്‍ കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിക്കണം.
  • വേനല്‍ക്കാലത്ത് ജലസേചനം നടത്തുക.
  • ജലാംശത്തിന്റ തോത് നോക്കി വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണകളായുള്ള രാസവള പ്രയോഗം.
  • ചെലവു കുറഞ്ഞ മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍.
  • നീര്‍വാര്‍ച്ച സൗകര്യം മെച്ചപ്പെടുത്തുക.

പ്രധാന വിളകള്‍

നെല്ല്, തെങ്ങ്, കമുക്, വാഴ, പച്ചക്കറികള്‍, ജാതി, ഗ്രാമ്പു, പയറു വര്‍ഗ്ഗങ്ങള്‍.

കരിമണ്ണ് (Kari/Black Soil)

കുട്ടനാടൻ നെൽപ്പാടങ്ങൾ കാണപ്പെടുന്ന  ആലപ്പുഴ, കോട്ടയം തുടങ്ങിയ സമുദ്രനിരപ്പിനു താഴെയുള്ള ജില്ലകളിൽ  കാണപ്പെടുന്ന മണ്ണിനമാണ് കരിമണ്ണ് (Kari/Black Soil). മണൽകലർന്ന കളിമണ്ണാണിത്. നെൽകൃഷിക്ക് വളരെ അനുയോജ്യമാണ് ഈ മണ്ണ്.അര മീറ്ററിനുതാഴെ അഴുകിയ ജൈവപദാർത്ഥങ്ങളുടെയും തടിയുടെയും അംശം കൂടുതലാണ് ഈ പ്രത്യേകതയാണ് മണ്ണിനെ കൃഷിയോഗ്യമാക്കുന്നത്. വളരെ നീർവാർച്ച കുറഞ്ഞ ഈയിനം മണ്ണിന് അമ്ലത കൂടുതലാണ്. ഇരുമ്പിന്റേയും അലുമിനിയത്തിന്റേയും മറ്റ് ലവളങ്ങളുടേയും അളവ് അധികമാണ്. വർഷകാലങ്ങളിൽ ഭൂരിഭാഗം സമയവും വെള്ളം കൊണ്ട് മൂടിക്കിടക്കുന്നു. വെള്ളം ഇറക്കിയ ശേഷമേ കൃഷി ഇറക്കാവൂ. സമീകൃത വളപ്രയോഗവും കുമ്മായമിടലും വേണം.

പരിമിതികള്‍

  • വളരെ കുറഞ്ഞ നീര്‍വാര്‍ച്ച.
  • കടുത്ത അമ്ലത.
  • അയണിന്റയും അലുമിനിയത്തിന്റെയും ലേയത്വം കൂടിയ ലവണങ്ങളുടെ അധികരിച്ച തോത്.
  • വര്‍ഷകാലത്തില്‍ ഏറിയ സമയവും വെള്ളത്താല്‍ മൂടപ്പെട്ടിരിക്കുന്നു.
  • ഫോസ്ഫറസ്, കുമ്മായാംശം എന്നിവയുടെ അഭാവം.

പരിമിതികള്‍

അമ്ലത്വം കൂടാതിരിക്കാന്‍ ഈ മണ്ണ് ഒരിക്കലും ഉണങ്ങാന്‍ അനുവദിക്കരുത്.കൃഷിക്ക് മുന്‍പ് വെള്ളം കയറ്റിയിറക്കണം. കൃത്യമായ വളപ്രയോഗവും കുമ്മായമിടീലും നടത്തണം

പ്രധാന വിളകൾ

നെല്ല്

വെട്ടുകൽ മണ്ണ് (Laterite Soil)

20 മുതൽ 100 മീറ്റർ വരെ ഉയരമുള്ള ഇടനാട്ടിൽ കാണപ്പെടുന്ന ഒരിനം മണ്ണാണ് വെട്ടുകൽ മണ്ണ് (Laterite Soil). മഞ്ഞ കലർന്ന തവിട്ടുനിറം മുതൽ ചുവപ്പുകലർന്ന തവിട്ടുനിറം വരെ കാണപ്പെടുന്നു.മഴക്കാലവും വരണ്ട കാലവും മാറിമാറി വരുന്ന കനത്ത മഴയുള്ള പരിതസ്ഥിതികളിലാണ് ഈ മണ്ണുണ്ടാകുക.  മറ്റുമണ്ണിനങ്ങളെ അപേക്ഷിച്ച് താഴ്ച കുറവാണ്. അമ്ലത്വം 5മുതൽ 6.2pH.കേരളത്തിലെ ആകെ മണ്ണിന്‍റെ 65 ശതമാനവും വെട്ടുകല്‍ മണ്ണാണ്. 

പരിമിതികള്‍

  • സസ്യാഹാര മൂലകങ്ങളുടെ ലഭ്യത കുറവ്.
  • അയണിന്റയും അലുമിനിയത്തിന്റെയും  അധികരിച്ച തോത്.
  • വര്‍ദ്ധിച്ച ചരൽ കാരണം ഫലപുഷ്ടിയുള്ള മണ്ണിന്റെ തോത് കുറവ്.
  • ഇളക്കമുള്ള മേല്‍മണ്ണ് മൂലം വര്‍ദ്ധിക്കുന്ന മണ്ണൊലിപ്പ് .

പരിപാലന മുറകള്‍

  • മൊത്തത്തില്‍ ഫലപുഷ്ടി കുറഞ്ഞ മണ്ണാണെങ്കിലും സമീകൃത വളപ്രയോഗ മുറകള്‍ കൊണ്ട് ഇതിന്‍റെ ഉല്പാദനശേഷി വര്‍ദ്ധിപ്പിക്കാം.
  • കുമ്മായം ചേര്‍ക്കുക .ജവ വളങ്ങളും ജൈവ പദാര്‍ഥങ്ങളും കൂടാതെ രാസവളങ്ങളും ചേര്‍ക്കുക.
  • മണ്ണിന്‍റെ ജല ആഗിരണ ശേഷി കൂട്ടാന്‍ ചാലുകളില്‍ തൊണ്ട് അടുക്കുക.
  • വേനല്‍ കാലത്തിനു മുമ്പ് മേല്‍മണ്ണ് ഇളക്കിയിടുകയും ഉണങ്ങിയ ഇലകള്‍ കൊണ്ട് പുതയിടുകയും ചെയുക.
  • ജല സംഭരണത്തിന് വേണ്ടി കിടങ്ങുകളും കുഴികളും എടുക്കുക .
  • വേനല്‍ക്കാലത്ത് ജലസേചനം നടത്തുക.

പ്രധാന വിളകള്‍

തെങ്ങ്, കുരുമുളക്, വാഴ , മരിച്ചീനി ,കശുമാവ് , കൈതച്ചക്ക.

ചെമ്മണ്ണ് (Red Soil)

കേരളത്തിലെ തെക്കൻ പ്രദേശങ്ങളിൽ തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ കാണപ്പെടുന്ന മണ്ണിനമാണ് ചെമ്മണ്ണ് (Red Soil). മണൽ കലർന്ന പശിമരാശിമണ്ണാണ് ഇത് അതിനാൽ തന്നെ ഇതിൽ വായു അറകളുടെ സാന്നിധ്യം കൂടുതലാണ്. സസ്യാഹാരമൂലകങ്ങളും ജൈവാംശവും കുറവാണ്. 

പരിമിതികള്‍

  • കുറഞ്ഞ ഫലപുഷ്ടി.
  • മണ്ണൊലിപ്പിന് സാധ്യത കൂടുതല്‍.
  • ഭുഗര്‍ഭ ജലത്തിന്റെ ലഭ്യത കുറവ്.
  • അമ്ല സ്വഭാവം

പരിപാലന മുറകള്‍

  • ജൈവ വളങ്ങളും ജൈവ പദാര്‍ഥങ്ങളും സമീകൃതമായി ചേര്‍ക്കുക.
  • മണ്ണിന്‍റെ ജല ആഗിരണ ശേഷി കൂട്ടാന്‍ ചാലുകളില്‍ തൊണ്ട് അടുക്കുക .
  • വേനല്‍ കാലത്തിനു മുമ്പ് മേല്‍ മണ്ണ് ഇളക്കി ഇടുകയും ഉണങ്ങിയ ഇലകള്‍ കൊണ്ട് പുതയിടുകയും ചെയുക. കുമ്മായം ചേര്‍ക്കുക.
  • വേനല്‍ക്കാലത്ത് ജലസേചനം നടത്തുക.

പ്രധാന വിളകള്‍

തെങ്ങ്, കുരുമുളക്, വാഴ , മരിച്ചീനി ,കശുമാവ് , കൈതച്ചക്ക, നിലക്കടല, പച്ചക്കറികള്‍, തീറ്റപുല്ല്.

മലയോരമണ്ണ് (Hill soil)

ചരിവുകൂടിയ മലയോര പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരിനം മണ്ണാണ് മലയോരമണ്ണ് (Hill soil). ചരലിന്റെ അംശം വെട്ടുകൽമണ്ണിനെ അപേക്ഷിച്ച് കുറവാണ്. ഉരുളൻ കല്ലുകളും കാണപ്പെടുന്നു. നിറം, കടുത്ത തവിട്ടുനിറം മുതൽ മഞ്ഞ കലർന്ന തവിട്ടുനിറം വരെ. വെട്ടുകൽ മണ്ണിനെക്കാളും അമ്ലസ്വഭാവം കുറവ്. വെട്ടുകൾ മണ്ണിനെ അപേക്ഷിച്ച് ഫലപുഷ്ടിയുള്ള മണ്ണാണ്.നല്ല ഫലപുഷ്ടിയും ആഴവും നീര്‍വാര്‍ച്ചയും ഉണ്ട്.

പരിമിതികള്‍

വെട്ടുകല്‍ മണ്ണിനെ അപേഷിച്ചു ഫലപുഷ്ടിയുള്ള മണ്ണാണെങ്കിലും താഴ്ന്ന ജലനിരപ്പ്‌, മണ്ണ് ഒലിപ്പ് എന്നിവയാണ് ഇതിന്റെ പ്രധാന പരിമിതികള്‍ .

പരിപാലന മുറകള്‍

മണ്ണ് ഒലിപ്പ് തടയുക,ജൈവ വളങ്ങളും രാസവളങ്ങളും പരിമിതമായ തോതില്‍ നല്‍കുകവേനല്‍ക്കാലത് ജലസേചനം നടത്തുക.

പ്രധാന വിളകള്‍

റബ്ബര്‍, തെങ്ങ്, കുരുമുളക്, കശുമാവ് , കൈതച്ചക്ക,  മറ്റു ഫലവൃക്ഷങ്ങള്‍ , തേയില, കാപ്പി.

കറുത്തപരുത്തി മണ്ണ്

കേരളത്തിൽ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലും അതേ നിരപ്പുള്ള കിഴക്കൻ പ്രദേശങ്ങളിലും കണ്ടുവരുന്ന ഒരിനം മണ്ണാണ് കറുത്തപരുത്തി മണ്ണ് (Black cotton soil). കാതര മണ്ണ് എന്നും ഇതിനെ വിളിക്കുന്നു. കളിമണ്ണിന്‍റെ അംശം വളരെ കൂടുതലാണ്. ജൈവാംശം കുറഞ്ഞ മണ്ണിനമായതിനാൽ കുറഞ്ഞ ഫലപുഷ്ടി. വരണ്ട കാലാവസ്ഥയിൽ വിണ്ട് കീറി വിള്ളലുണ്ടാകുന്നു. നൈട്രജനും ഫോസ്ഫറസും താരതമ്യേന കുറവാണ് ഈ ഇനം മണ്ണിൽ.

പരിമിതികള്‍

  • നിലമൊരുക്കുവാന്‍ പ്രയാസം.
  • ജൈവാംശം  കുറഞ്ഞവ ആയതിനാല്‍ കുറഞ്ഞ ഫലപുഷ്ടി .
  • വരണ്ട കാലാവസ്ഥയില്‍ വെടിച്ചു കീറി വിള്ളലുണ്ടാകുന്നു.
  • കുറഞ്ഞ നീര്‍വാര്‍ച്ച.
  • നൈട്രജനും ഫോസ്ഫറസും കുറവ്.

പ്രധാന വിളകള്‍

പരുത്തി, കരിമ്പ്‌, നെല്ല്, നിലക്കടല.

വനമണ്ണ് (Forest soil)

കേരളത്തിലെ വനപ്രദേശങ്ങളിൽ കണ്ടുവരുന്നയിനം മണ്ണാണ് വനമണ്ണ് (Forest soil). നല്ല ഫലപുഷ്ടിയുള്ള ആഴവും നീർവാർച്ചയുമുള്ള മണ്ണാണിത്.നിറം ഇളം തവിട്ടു നിറം മുതല്‍ കടുപ്പമേറിയ തവിട്ടു നിറം വരെ കാണപ്പെടുന്നു.

പരിമിതികള്‍

 വനനശീകരണം മൂലമുള്ള മണ്ണ് ഒലിപ്പ്

പരിപാലന മുറകള്‍

വന സംരക്ഷണവും വന വല്‍ക്കരണവും വഴി ഈ മണ്ണിനെ സംരക്ഷിക്കാം.

Next Post Previous Post
1 Comments
  • Anonymous
    Anonymous May 22, 2022 at 5:02 PM

    Good Work 🙌

Add Comment
comment url