മരിച്ചൊഴുകുന്ന കേരളത്തിലെ നദികൾ
നദികളാൽ സമ്പന്നമാണ് കേരളം എന്നത് യാഥാർത്ഥ്യം തന്നെയാണ്. എങ്കിലും ഇന്നും ജീവനോടെ ഒഴുകുന്ന എത്ര നദികളുണ്ടെന്ന ചോദ്യമാണ് ആശങ്ക ജനിപ്പിക്കുന്നത്. വറ്റിയും, മെലിഞ്ഞും നിറം മാറിയും ഒഴുകുന്ന കേരളത്തിലെ നദികൾക്കിനിയും എത്ര നാളാണ് ആയുസ്സുള്ളത്. നദികൾ ഇല്ലാതെയായാൽ പിന്നെ മനുഷ്യൻ്റെ നിലനിൽപ്പ് തന്നെ ചോദ്യ ചിഹ്നമാണ്.
കേരളത്തില്‍ ആകെ 44 നദികളാണുള്ളത്.അവയില്‍ 3 നദികൾ ഒഴികെ ബാക്കിയെല്ലാം പശ്ചിമഘട്ടത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്.41 എണ്ണം പടിഞ്ഞാറോട്ടൊഴുകുന്നവയും മൂന്നെണ്ണം കിഴക്കോട്ടൊഴുകുന്നവയുമാണ്. അറബിക്കടലിലോ കായലുകളിലോ മറ്റു നദികളിലോ ചേരുന്നവയാണ് പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍. നദികളിലേക്ക് പല ദിക്കിൽ നിന്നായി ആയിരക്കണക്കിന് അരുവികളും തോടുകളും ഒഴുകിച്ചേരുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പൊതുമരാമത്തു വകുപ്പ് 1974-ല്‍ പുറപ്പെടുവിച്ച ജലവിഭവ റിപ്പോര്‍ട്ട് പ്രകാരം,15 കിലോമീറ്ററിലധികം നീളമുള്ള പ്രവാഹങ്ങളെയാണ് നദികളായി കണക്കാക്കുന്നത്.
പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍
1. മഞ്ചേശ്വരം പുഴ (16 കി. മീ.)
2. ഉപ്പളപുഴ (50 കി. മീ.)
3. ഷീരിയപുഴ (67 കി. മീ.)
4. മെഗ്രാല്‍പുഴ (34 കി. മീ.)
5. ചന്ദ്രഗിരിപുഴ (105 കി. മീ.)
6. ചിറ്റാരിപുഴ (25 കി. മീ.)
7. നീലേശ്വരംപുഴ (46 കി. മീ.)
8. കരിയാങ്കോട് പുഴ (64 കി. മീ.)
9. കവ്വായി പുഴ (31 കി. മീ.)
10. പെരുവമ്പ പുഴ (51 കി. മീ.)
11. രാമപുരം പുഴ (19 കി. മീ.)
12. കുപ്പം പുഴ (82 കി. മീ.)
13. വളപട്ടണം പുഴ (110 കി. മീ.)
14. അഞ്ചരക്കണ്ടി പുഴ (48 കി. മീ.)
15. തലശ്ശേരി പുഴ (28 കി. മീ.)
16. മയ്യഴി പുഴ (54 കി. മീ.)
17. കുറ്റിയാടി പുഴ (74 കി. മീ.)
18. കോരപ്പുഴ (40 കി. മീ.)
19. കല്ലായി പുഴ (22 കി. മീ.)
20. ചാലിയാര്‍ പുഴ (169 കി. മീ.)
21. കടലുണ്ടി പുഴ (130 കി. മീ.)
22. തിരൂര്‍ പുഴ (48 കി. മീ.)
23. ഭാരതപ്പുഴ (209 കി. മീ.)
24. കീച്ചേരി പുഴ (51 കി. മീ.)
25. പുഴക്കല്‍ പുഴ (29 കി. മീ.)
26. കരുവന്നൂര്‍ പുഴ (48 കി. മീ.)
27. ചാലക്കുടി പുഴ (130 കി. മീ.)
28. പെരിയാര്‍ (244 കി. മീ.)
29. മൂവാറ്റു പുഴയാറ് (121 കി. മീ.)
30. മീനച്ചിലാറ് (78 കി. മീ.)
31. മണിമലയാറ് (90 കി. മീ.)
32. പമ്പയാറ് (176 കി. മീ.)
33. അച്ചന്‍ കോവിലാറ് (128 കി. മീ.)
34. പള്ളിക്കലാറ് (42 കി. മീ.)
35. കല്ലടയാറ് (121 കി. മീ.)
36. ഇത്തിക്കരയാറ് (56 കി. മീ.)
37. അയിരൂര്‍ (17 കി. മീ.)
38. വാമനപുരം ആറ് (88 കി. മീ.)
39. മാമം ആറ് (27 കി. മീ.)
40. കരമനയാറ് (68 കി. മീ.)
41. നെയ്യാറ് (56 കി. മീ.)
കിഴക്കോട്ടൊഴുകുന്ന നദികള്‍
42. കബിനീ നദി
43. ഭവാനിപ്പുഴ
44. പാമ്പാര്‍
ഇന്ത്യയുടെ ജല മനുഷ്യൻ എന്നറിയപ്പെടുന്ന രാജേന്ദ്രസിംഗ് കേരളത്തിൽ വന്നപ്പോൾ കേരളക്കരയോട് ചോദിച്ച ചോദ്യം ഏവരെയും ചിന്തിപ്പിക്കുന്നതാണ്,"44നദികളാൽ സമ്പന്നമായ കൊച്ചു കേരളത്തിലെ എത്ര നദികളിലെ വെള്ളം നിങ്ങൾക്ക് കൈകളിൽ കോരി കുടിക്കാൻ കഴിയും? ഈ ചോദ്യം കേരളത്തിലെ മാറിവരുന്ന ഓരോ മനുഷ്യ ജീവിതത്തോടുമുള്ളതാണ്. ഫാക്ടറികളിൽ നിന്നുള്ള മലിനജലവും അനിയന്ത്രിതമായ തോതിലുള്ള മണൽവാരലും പുഴയെ അതിൻറെ സ്വാഭാവിക ഘടന നശിപ്പിച്ച് ഒടുവിൽ ഇല്ലാതെയാക്കുന്നു. കോർപ്പറേറ്റുകളുടെ വൻ തോതിലുള്ള വ്യാവസായിക മാലിന്യങ്ങളും ആശുപത്രികളിൽ നിന്നും അറവുശാലകളിൽ നിന്നുമുള്ള മാലിന്യങ്ങളും ഗാർഹിക മാലിന്യങ്ങളും പ്ലാസ്റ്റിക് കവറുകളും മറ്റും വലിച്ചെറിയുന്നതും പുഴകളിലേക്കാണ്. ഓരോ പുഴവക്കിലും കുറഞ്ഞത് രണ്ടോ മൂന്നോ കമ്പനികൾ ഉണ്ടാകും.അവിടെ നിന്നും പുറത്തേക്ക് വരുന്ന മാലിന്യങ്ങൾ മുഴുവനും പുഴയിലേക്കാണ്.പലപ്പോഴും മലിനീകരണ നിയന്ത്രണ ബോർഡിനെ നോക്കുകുത്തിയാക്കി നിർത്തിക്കൊണ്ടാണ് ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ പുഴയിലേയ്ക്ക് പല കന്പനികളും ഒഴുക്കിവിടുന്നത്. ട്രീറ്റ് ചെയ്തശേഷമാണ് ഈ എഫ്‌ളുവെന്റുകൾ പുഴയിലേയ്ക്ക് ഒഴുക്കുന്നതെന്നാണ് കമ്പനികളുടെ വാദമെങ്കിലും ചില സമയങ്ങളിൽ പെരിയാർ ചുവപ്പുനിറത്തിൽ ഒഴുകുന്നതും മീനുകൾ ചത്തടിയുന്നതും ഈ രാസവിഷം നദിയിലേയ്ക്ക് തള്ളപ്പെടുന്നുണ്ടെന്നതിന്റെ സൂചനകളാണ്. പുറമേ നിന്ന് വരുന്ന മാലിന്യങ്ങൾക്ക് പുറമേ മണൽ വാരലും അതിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.ഓരോ വർഷവും വന്നടിയുന്ന മണലിന് ഇരട്ടിയിലധികമാണ് ഓരോ പുഴകളിൽ നിന്നും നിയമപരമായും അല്ലാതെയും വാരി എടുക്കുന്നത്.
പ്രതിദിനം കേവലം 2700 ടൺ മണൽ മാത്രമാണ് പെരിയാറിൽ ആകെ നിക്ഷേപിക്കപ്പെടുന്നതെന്നിരിക്കേ, ഇവിടെ നിന്നും പ്രതിദിനം 55,000 ടൺ മണലായിരുന്നു നിയന്ത്രണങ്ങൾ വരുന്നതിനു മുന്പ് ഖനനം ചെയ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ 15 വർഷക്കാലത്തിനിടയിൽ അനുവദിക്കപ്പെട്ടതിനേക്കാൾ ഏഴു മുതൽ 85 മടങ്ങു വരെ മണൽ ഖനനം കേരളത്തിലെ 14 നദികളിൽ നടന്നിട്ടുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മണൽ ഖനനം അധികരിച്ച അളവിൽ കാണപ്പെട്ട പ്രദേശങ്ങളിൽ നദികളുടെ ആഴം മൂന്നുനാലുമീറ്റർ വരെ വർദ്ധിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. അനിയന്ത്രിതമായി കാലങ്ങളോളം നടന്ന ഈ ഖനനം നദികൾക്ക് ചെറുതല്ലാത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. നദീ തീരങ്ങളിൽ കടുത്ത മണ്ണൊലിപ്പുണ്ടായതിനു പുറമേ, നദിക്ക് കുറുകെ നിർമ്മിച്ച പാലങ്ങൾക്ക് ബലക്ഷയം വരുത്തുകയും ചെയ്തു. മണൽ വാരലിനെ തുടർന്ന് നദീതടം ചെറുതായതിനെത്തുടർന്ന് കുടിവെള്ള ലഭ്യതയും കുറഞ്ഞു. ഭൂഗർഭജലവിതാനം നാൾക്കുനാൾ കുറഞ്ഞുവരുന്നതിനും മണൽ ഇല്ലാത്തതിനാൽ പുഴയിൽ ചെളി അടിഞ്ഞുകൂടുന്നതിനും മണൽ വാരൽ കാരണമാകുന്നുണ്ട്. ഇതിന് പുറമേ നദികളിലേയ്ക്ക് കൂടുതലായി ഉപ്പുവെള്ളം കയറുന്നതിനും നദീതടത്തിൽ കൂടുതലായി പാഴ്‌ച്ചെടികൾ പടർന്നുപിടിക്കാനും ഇത് കാരണമാകുന്നു.
ജലത്തിന്റെ ഉപഭോഗം വർദ്ധിക്കുന്തോറും കേരളത്തിലെ നദികളുടെ ജലനിരപ്പ് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നതാണ് ഏറ്റവും ദയനീയമായ കാര്യം. 44 നദികളുണ്ടെങ്കിലും കേരളം ജലക്ഷാമത്താൽ ബുദ്ധിമുട്ടാൻ പോകുന്നതിനു പ്രധാന കാരണം അനിയന്ത്രിതമായ ഈ മണൽ ഖനനവും അതുപോലെ തന്നെ വിഷലിപ്തമാക്കിക്കൊണ്ടിരിക്കുന്ന നദീജലവുമാണെന്നതാണ് യാഥാർത്ഥ്യം.
ഓരോ ദശകത്തിലും കേരളത്തിലെ ജനസംഖ്യ 14% എന്ന നിരക്കിൽ വർധിച്ചുവരികയാണ്. ഇങ്ങനെ വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള നടപടികളുടെ ഫലമായി, കേരളത്തിലെ നദികൾ മലിനീകരിക്കപ്പെട്ടു. വ്യാവസായിക, ഗാർഹിക മാലിന്യങ്ങൾ, കൃഷിയിലെ കീടനാശിനികൾ, വളം എന്നിവയിൽ നിന്ന് വ്യവസായങ്ങൾ അപകടകരമായ മലിനീകരണങ്ങളായ ഫോസ്ഫേറ്റുകൾ, സൾഫൈഡുകൾ, അമോണിയ, ഫ്ലൂറൈഡുകൾ, ഹെവി ലോഹങ്ങൾ, കീടനാശിനികൾ എന്നിവ നദിയിലെ ശുദ്ധജലത്തെ മലിനജലമാക്കി മാറ്റി.പെരിയാറും ചാലിയാറും ഇത്തരത്തിൽ മലിനമായതിന് ഉത്തമ ഉദാഹരണങ്ങളാണ്. കൊച്ചി വ്യാവസായിക മേഖലയിൽ നിന്ന് മാത്രം പ്രതിദിനം ഏകദേശം 260 ദശലക്ഷം ലിറ്റർ വ്യാപാര മാലിന്യം പെരിയാർ അഴിമുഖത്ത് എത്തുന്നുവെന്നാണ് കണക്ക്.
കേരളത്തിലെ നദികളുമായി ബന്ധപ്പെട്ട പ്രധാന ജലഗുണ പ്രശ്‌നം ബാക്ടീരിയ മലിനീകരണമാണ്.
നഗരം കാണാത്ത നാണം മാറാത്ത പെണ്ണെന്നായിരുന്നു കവികൾ നദികളെ വിശേഷിപ്പിച്ചിരുന്നത്. ഇന്നതൊക്കെ മാറി നഗരം കണ്ടും തൊട്ടറിഞ്ഞും ഒരുപാട് മാറി കഴിഞ്ഞിരിക്കുന്നു ഓരോ നദികളും. നഗരമാലിന്യങ്ങളാലും ഫാക്ടറി മാലിന്യങ്ങളാലും ഒരു അഴുക്കുചാലായി മാറിയിരിക്കുകയാണ് ഓരോ നദിയും.ജീവ ജലത്തിനു വേണ്ടിയാകും ഇനിയുള്ള നൂറ്റാണ്ടുകളിൽ മനുഷ്യർക്കിടയിൽ യുദ്ധം നടക്കുക. പുതിയ പുതിയ വികസനങ്ങൾ നടത്തുമ്പോൾ ഭൂമിയിൽ ഉണ്ടായിരുന്ന സൗകര്യങ്ങൾ നശിക്കാതെ നോക്കൽ മനുഷ്യൻറെ ഉത്തരവാദിത്വമാണ്.കാരണം വരുംതലമുറയ്ക്ക് അതിൻറെ തനതായ സൗന്ദര്യത്തിൽ ഒരു സൂക്ഷിപ്പ് സ്വത്ത് എന്ന നിലക്ക് അവ തിരികെ ഏൽപ്പിക്കേണ്ടതാണ്....
