വായു മലിനീകരണം: ഇല്ലാതാവുന്നത് ഭൂമിയും അതിലെ ജീവനുമാണ്, കരുതലോടെ മുന്നോട്ട് നീങ്ങാം

വായുവിൽ ഉണ്ടാകുന്ന ഭൗതികപരമോ രാസപരമോ ആയ മാറ്റത്തെയാണ് വായു മലിനീകരണം എന്ന് പറയുന്നത്. ഓരോ വാതകങ്ങളുടെയും ഒരു നിശ്ചിത ശതമാനം അന്തരീക്ഷത്തിലുണ്ട്. ഈ വാതകങ്ങളുടെ ഘടന കൂട്ടുകയോ കുറയുകയോ ചെയ്യുന്നത് നമ്മുടെ അതിജീവനത്തിന് ഹാനികരമാണ്. വാതക ഘടനയിലെ ഈ അസന്തുലിതാവസ്ഥ ആഗോളതലത്തിൽ ചൂട് വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഇതിനെ ആഗോളതാപനം എന്ന് വിളിക്കുന്നു.
നഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും ഫാക്ടറികളിൽ നിന്നും പുറപ്പെടുവിക്കുന്ന വാതകങ്ങൾ ഗണ്യമായ നിരക്കിൽ വായുനശീകരണത്തിന് കാരണമാക്കുന്നു. ചില വായു മലിനീകരണങ്ങൾ സസ്യങ്ങൾക്കും മൃഗങ്ങൾക്കും അവ ജീവിക്കുന്ന ആവാസവ്യവസ്ഥകൾക്കും ഒരു പോലെ ദോഷം ചെയ്യുന്നു. ആസിഡ് മഴ പോലുള്ള പ്രതിഭാസങ്ങൾ അതിനുദാഹരണമാണ്. ഇത് വിളകൾക്കും വനങ്ങൾക്കും കേടുപാടുകൾ വരുത്തുന്നു. തടാകങ്ങളും അരുവികളും മത്സ്യങ്ങൾക്കും മറ്റ് സസ്യജന്തുജാലങ്ങൾക്കും അനുയോജ്യമല്ലാത്തരൂപത്തിലാക്കുന്നു.
വർദ്ധിച്ചുവരുന്ന വ്യാവസായികവൽക്കരണവും പരിസ്ഥിതിയിലെ വിഷവാതകങ്ങളുടെ ഉയർന്ന സാന്ദ്രതയും കാരണം വായു അനുദിനം കൂടുതൽ വിഷമയമായിക്കൊണ്ടിരിക്കുകയാണ്. കൂടാതെ, ഈ വാതകങ്ങൾ പല ശ്വാസകോശ രോഗങ്ങൾക്കും കാരണമാകുന്നു. നാം കത്തിക്കുന്ന ഫോസിൽ ഇന്ധനങ്ങൾ, വിറക്, മറ്റ് വസ്തുക്കൾ എന്നിവ അന്തരീക്ഷത്തിലേക്ക് കാർബൺ ഓക്സൈഡുകൾ പുറപ്പെടുവിക്കുന്നു. നേരത്തെ നമ്മൾ ശ്വസിക്കുന്ന വായു എളുപ്പത്തിൽ അരിച്ചെടുക്കാൻ കഴിയുന്ന ധാരാളം മരങ്ങൾ നമ്മുടെ പരിസ്ഥിതിയിൽ ഉണ്ടായിരുന്നു. എന്നാൽ ഭൂമിയുടെ ആവശ്യം വർധിച്ചതോടെ ആളുകൾ മരങ്ങൾ വെട്ടിമാറ്റാൻ തുടങ്ങി. അത് ആത്യന്തികമായി മരത്തിന്റെ ശേഷി കുറച്ചു.
ഫോസിൽ ഇന്ധനങ്ങളും വിറകും കത്തിക്കുന്നത്, ഫാക്ടറികളിൽ നിന്നുള്ള പുക, അഗ്നിപർവ്വത സ്ഫോടനങ്ങൾ, കാട്ടുതീ, ബോംബാക്രമണം,CFC-കൾ (ക്ലോറോഫ്ലൂറോകാർബൺസ്), കാർബൺ ഓക്സൈഡുകൾ എന്നിവയും വായു മലിനീകരണത്തിൻ്റെ ഉറവിടങ്ങളിൽപ്പെടുന്നവയാണ്. കൂടാതെ, വ്യാവസായിക-കാർഷിക മാലിന്യങ്ങൾ, വൈദ്യുത പ്ലാൻറ്, താപ-ആണവ നിലയങ്ങൾ തുടങ്ങിയവയും മലിനീകരണ സ്രോതസ്സുകളായി കണക്കാക്കാം. നൈട്രിക്, സൾഫ്യൂറിക് ഓക്സൈഡുകൾ ഉൽപ്പാദിപ്പിക്കുന്ന ഫോസിൽ ഇന്ധനങ്ങളാണ് വായു മലിനീകരണം വർദ്ധിപ്പിക്കുന്നതിലെ പ്രധാന ഘടകങ്ങൾ.
കേരളത്തിലെ വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വാഹനങ്ങളും വ്യവസായശാലകളുമാണ്. ഇവ രണ്ടും ശബ്ദമലിനീകരണം സൃഷ്ടിക്കുകയും ഒപ്പം വായു മലിനീകരണം ഉണ്ടാക്കുകയും ചെയ്യുന്നു. വാഹനങ്ങളുടെയും വ്യവസായങ്ങളുടെയും എണ്ണത്തിലുള്ള ദ്രുതഗതിയിലുള്ള വർധനവ് വീണ്ടും അവസ്ഥ വശളാക്കുന്നു. നഗരപ്രദേശങ്ങളിലാണ് ഈ വളർച്ച പ്രകടമാകുന്നത്. അതിനാൽ നഗരപ്രദേശങ്ങളിൽ വായുവിന്റെ ഗുണനിലവാരം വളരെ കുറവാണ്. ഗതാഗത, വ്യാവസായിക മേഖലകളിൽ ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗം വർധിക്കുന്നത് പോലും കേരളത്തിലെ വായുവിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. 1975 മുതൽ കേരളത്തിലെ റോഡുകളിലെ വാഹനങ്ങളുടെ എണ്ണം 20 മടങ്ങ് വർദ്ധിച്ചു. ക്യാരേജ് വേയുടെ ആകെ നീളം 21347 കിലോമീറ്റർ മാത്രമുള്ളപ്പോൾ കേരളത്തിൽ ഇപ്പോൾ 25 ലക്ഷത്തിലധികം ലൈസൻസുള്ള വാഹനങ്ങൾ നിരത്തിലുണ്ട്.
കഴിഞ്ഞ ദശകത്തിൽ കേരളത്തിലെ റോഡുകളിൽ വാഹനങ്ങളുടെ എണ്ണത്തിലും വൈവിധ്യത്തിലും ദ്രുതഗതിയിലുള്ള വർധനവാണുണ്ടായിട്ടുള്ളത്. വാഹനങ്ങളുടെ എണ്ണം 1975-ൽ 119720 ആയിരുന്നത് 2000% വർധിച്ച് 2002-ൽ 2315372 ആയി. റോഡിന്റെ ദൈർഘ്യം വർദ്ധിച്ചത് 14870 കിലോമീറ്ററിൽ നിന്ന് 21347 കിലോമീറ്ററായി 44% മാത്രമാണ്. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ഈ മൂന്നു ജില്ലകളിൽ നിന്ന് മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത് 40 ശതമാനത്തോളം വാഹനങ്ങളാണ്. സംസ്ഥാനത്തെ മൊത്തം വാഹനങ്ങളുടെ 72% വ്യക്തിഗത വാഹനങ്ങളാണ്, ഈ വ്യക്തിഗത വാഹനങ്ങളിൽ 77%വും സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളുമാണ്.
വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനൊപ്പം റോഡിൻ്റെ അടിസ്ഥാന സൗകര്യത്തിൽ വികസനം നടന്നിട്ടില്ല. ഇത് ഗതാഗതക്കുരുക്കിനും അതിന്റെ ഫലമായി വായുവിന്റെ ഗുണനിലവാരത്തകർച്ചയ്ക്കും കാരണമാകുന്നു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ വ്യാവസായിക വളർച്ച വളരെ കുറവാണ്. വൻകിട, ഇടത്തരം എന്നിങ്ങനെ തരം തിരിക്കാവുന്ന വ്യവസായങ്ങളുടെ എണ്ണം ഏകദേശം 640 എണ്ണം ആണ്. ഈ യൂണിറ്റുകളിൽ ഭൂരിഭാഗവും സ്വകാര്യ മേഖലയിലാണ്. അതിൽതന്നെ ഭൂരിഭാഗവും കൊച്ചിയിലാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഏകദേശം 2.5 ലക്ഷം ചെറുകിട വ്യവസായിക യൂണിറ്റുകൾ (SSI) ചിതറിക്കിടക്കുന്നു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (KSCPB) ഏകദേശം 600 വൻകിട/ഇടത്തരം വ്യവസായങ്ങളും 2500 ഓളം എസ്എസ്ഐ യൂണിറ്റുകളും കൺസെൻറ് റേഞ്ച് ഓഫ് എയർ (വായു മലിനീകരണം തടയലും നിയന്ത്രണവും) നിയമത്തിന് കീഴിൽ കൊണ്ടുവന്നു. ഫാക്ടറികളിൽ അധികവും എറണാകുളം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. ഇത് പ്രദേശത്തെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എന്ന സ്ഥലത്ത് ധാരാളം വൈദ്യുത ചൂള അധിഷ്‌ഠിത വ്യവസായങ്ങൾ സ്ഥിതി ചെയ്യുന്നതിനാൽ വായുവിന്റെ ഗുണനിലവാരം അവിടെയും മോശമാണ്. ജില്ലയുടെ ബാക്കി ഭാഗങ്ങളിൽ ചെറുകിട അല്ലെങ്കിൽ എസ്‌എസ്‌ഐ വിഭാഗത്തിൽപ്പെടുന്ന വ്യവസായങ്ങളുണ്ട്. വൻകിട, ഇടത്തരം വ്യവസായങ്ങൾ വിരളമാണ്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നഗരവൽക്കരണം മന്ദഗതിയിലാണ് നടക്കുന്നത്. എന്നിരുന്നാലും, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവ നഗര വ്യാപനത്തിൽ വളർച്ച കൈവരിക്കുന്നുണ്ട്. 2001 ലെ സെൻസസ് പ്രകാരം, സംസ്ഥാനത്തെ നഗര ജനസംഖ്യ സംസ്ഥാന ജനസംഖ്യയുടെ 25.9% ആണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ ശതമാനം യഥാക്രമം 34,48, 38 എന്നിങ്ങനെയാണ്. ആസൂത്രിതമല്ലാത്ത വളർച്ചയും ജനത്തിരക്കും ഗതാഗതക്കുരുക്കിനും ഒപ്പം വായുവിന്റെ ഗുണനിലവാരം തകർക്കാനും കാരണമാകുന്നുണ്ട്. ഫോസിൽ ഇന്ധനങ്ങളുടെ വർധിച്ച ഉപയോഗവും വ്യക്തിഗത ഗതാഗതവുമാണ് നഗരപ്രദേശങ്ങളിലെ വായുവിന്റെ ഗുണനിലവാരത്തകർച്ചയ്ക്കുള്ള മുഖ്യകാരണം. മാലിന്യം കൃത്യമായി ശേഖരിക്കാത്തതും നീക്കം ചെയ്യാത്തതും മൂലം മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞുപോകാൻ കാരണമാകുന്നു. പ്രധാന നഗരങ്ങളിൽ പോലും ശാസ്‌ത്രീയ സംസ്‌കരണ സൗകര്യങ്ങൾ അപര്യാപ്തമാണ്. തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു.
ആരോഗ്യത്തിൽ വായു മലിനീകരണത്തിന്റെ ഇടപെടൽ
അന്തരീക്ഷ മലിനീകരണം ആളുകളുടെ ആരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ, ഇത് ഹൃദ്രോഗത്തിനും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും കാരണമാകുന്നു. ആസ്ത്മ, ക്യാൻസർ തുടങ്ങി എണ്ണമറ്റ രോഗങ്ങൾക്ക് ഇത് വഴിവെക്കുന്നു.
വായു മലിനീകരണം കുറയ്ക്കാനുള്ള വഴികൾ
1. പൊതു ഗതാഗതം ഉപയോഗിക്കുക
2.ഉപയോഗത്തിലില്ലാത്തപ്പോൾ ലൈറ്റുകൾ ഓഫ് ചെയ്യുക.
3. വിഭവങ്ങൾ റീസൈക്കിൾ ചെയ്ത് വീണ്ടും ഉപയോഗിക്കുക.
4. പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കുക.
5. കാട്ടുതീ, പുകവലി മുതലായവ ഇല്ലാതാക്കുക.
6. എയർകണ്ടീഷണറിന് പകരം ഫാനുകൾ ഉപയോഗിക്കുക.
7. ചിമ്മിനികൾക്കായി ഫിൽട്ടറുകൾ ഉപയോഗിക്കുക.
8. പടക്കങ്ങളുടെയും വെടിമരുന്നുകളുടെയും ഉപയോഗം ഒഴിവാക്കുക.
ഇവയൊക്കെ ഒരു പരുതിവരെ സൂക്ഷിച്ചാൽ കുറച്ചൊക്കെ മലിനീകരണം കുറക്കാൻ കഴിയും. എന്നിരുന്നാലും, മലിനീകരണം പൂർണമായി ഇല്ലാതാക്കാനുള്ള വഴി പ്രകൃതിയിലേക്ക് മടങ്ങുകഎന്നതാണ്. വായു, ജലം, മണ്ണ് എന്നിവയുടെ വർദ്ധിച്ചുവരുന്ന മലിനീകരണം കാരണം ഭൂമിയും അതിന്റെ പരിസ്ഥിതിയും കൂടുതൽ ഗുരുതരമായ അവസ്ഥയിൽ എത്തിച്ചേരുന്നു. വിഭവങ്ങളുടെ അനുചിതമായ പരിപാലനം അല്ലെങ്കിൽ അശ്രദ്ധമായ മനുഷ്യ പ്രവർത്തനങ്ങൾ മൂലമാണ് പരിസ്ഥിതിക്ക് നാശം സംഭവിക്കുന്നത്. അതിനാൽ പ്രകൃതിയുടെ യഥാർത്ഥ സ്വഭാവത്തെ ലംഘിക്കുകയും അതിന്റെ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ഏതൊരു പ്രവർത്തനത്തെയും മലിനീകരണം എന്ന് പറയാം. ഈ മലിനീകരണത്തിന്റെ ഉറവിടങ്ങൾ മനസ്സിലാക്കുകയും മലിനീകരണം നിയന്ത്രിക്കാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യൽ ഇന്നത്തെ കാലത്ത് അത്യന്താപേക്ഷിതമാണ്. മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിലൂടെ ഒരു പരിതി വരെ ഇത് നടപ്പിൽ വരുത്താനാകും .മനുഷ്യൻ്റെ ഒറ്റകെട്ടായ ഭൂമിയോടുള്ള അടുത്തിടപഴകലിലൂടെ മാത്രമേ ഇനി ഭൂമിയെ പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ട് വരാൻ കഴിയൂ..