കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങൾ

 

കേരളത്തിലെ പാരിസ്ഥിതിക മുന്നേറ്റങ്ങളുടെ ചരിത്രത്തിൽ പരിസ്ഥിതി സംഘടനകളുടെ സ്ഥാനം ചെറുതല്ല. ചെറുതും വലുതുമായ ഒട്ടനവധി പരിസ്ഥിതി കൂട്ടായ്മകളുടെ ചെറുത്ത് നിൽപ്പിൻ്റെ ഫലമാണ് കേരള മണ്ണിലെ പാരിസ്ഥിതിക ബോധം. സൈലൻ്റ് വാലി പ്രക്ഷോഭം മുതൽ ഇന്ന് വരെയുള്ള കാലയളവിൽ മലയാളിയുടെ പൊതുബോധത്തിലേക്ക് പരിസ്ഥിതി ചിന്തകള്‍ നേര്‍ത്ത തോതിലെങ്കിലും എത്തിക്കുന്നതിൽ പരിസ്ഥിതി സംഘടനകളുടെ പങ്ക് എടുത്ത്പറയേണ്ടതാണ്.പരിസ്ഥിതിയെ വിവിധ കോണിലൂടെ നിരീക്ഷിച്ച് പ്രവർത്തനം നടത്തുന്ന നിരവധി കൂട്ടായ്മകൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ പ്രധാന പരിസ്ഥിതി സംഘടനകളെക്കുറിച്ച് വായിക്കാം.


ഫ്രണ്ട്സ് ഓഫ് നേച്ചർ (FON)

  വിദ്യാർത്ഥി സമൂഹത്തിൽ കാതലായ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രവർത്തിക്കുന്ന സന്നദ്ധ സേവന കൂട്ടായ്മയാണ് ഫ്രണ്ട്സ് ഓഫ് നേച്ചർ.2007 ൽ പ്രവർത്തനമാരംഭിച്ച FON ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലെയും വിദ്യാർത്ഥി പങ്കാളിത്തമുള്ള പരിസ്ഥിതി സംഘടനയാണ്. പ്രകൃതി സ്നേഹികളായ ഒരു കൂട്ടം സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകരാണ് ഫ്രണ്ട്സ് ഓഫ് നാച്വറിന് ആരംഭം കുറിച്ചത്.ദേശീയ - സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ അംഗീകാരങ്ങളും അനുമതികളും ഫ്രണ്ട്സ് ഓഫ് നാച്വറിനുണ്ട്.

  എക്കോഫിലിയ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കൊരുക്കുന്ന വനക്യാമ്പുകളിലൂടെയാണ് ഫ്രണ്ട്സ് ഓഫ് നാച്വര്‍ വളണ്ടിയര്‍മാരെ കണ്ടെത്തുന്നത്. ഇത്തരത്തിലുള്ള വളണ്ടിയര്‍മാരാണ് പിന്നീട് അംഗങ്ങളാവുന്നതും കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതും. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലെ വിദ്യാര്‍ഥിമാതൃകള്‍ക്ക് എല്ലാ വര്‍ഷവും ഗ്രീന്‍ സ്റ്റുഡന്‍റ് അവാര്‍ഡ്, മികച്ച അധ്യാപകര്‍ക്ക് ഗ്രീന്‍ ടീച്ചര്‍ അവാര്‍‍‍ഡ് എന്നിവ നല്‍കി വരുന്നു. 2015 മുതല്‍ നടത്തി വരുന്ന വാര്‍‍‍ഷിക പ്രവര്‍ത്തക കൂട്ടായ്മയായ കേരള ഗ്രീന്‍ ഫെസ്റ്റ്,ജില്ലാ തലങ്ങളില്‍ സംഘടിപ്പിക്കുന്ന ഗ്രീന്‍ ക്വസ്റ്റ്, കേരളത്തിലെ വിവിധ കലാലയങ്ങളിൽ നടത്തിവരുന്ന കാമ്പസ് ഗ്രീന്‍ ഫെസ്റ്റ് തുടങ്ങിയവ വിദ്യാർത്ഥി മനസ്സുകളിൽ സൃഷ്ട്ടിച്ച മാറ്റം ഫ്രണ്ട്സ് ഓഫ് നേച്ചറിൻ്റെ വലിയ വിജയമാണ്. കാട്ടുതീ അണക്കാനും കാട്ടില്‍ കുടിവെള്ള ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ കുളം, തടയണ തുടങ്ങിയ ഉണ്ടാക്കാനും ഫ്രണ്ട്സ് ഓഫ് നാച്വര്‍ മുന്നിട്ടിറങ്ങാറുണ്ട്. കാമ്പസുകളും മറ്റു പൊതുയിടങ്ങളും ആവാസവ്യവസ്ഥകളും ഹരിതാഭമാക്കാനും മാലിന്യരഹിതമാക്കാനും ഫ്രണ്ട്സ് ഓഫ് നാച്വര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു.

സര്‍ക്കാര്‍ സംവിധാനങ്ങളുമായും വിവിധ സര്ക്കാരിതര ഏജന്‍സികളുമായി ചേര്‍ന്നും സ്വന്തമായി പദ്ധതികളാവിഷ്കരിച്ചും ഫ്രണ്ട്സ് ഓഫ് നാച്വര്‍ നടപ്പാക്കിയ പരിപാടികളിലൂടെ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പരിസ്ഥിതി പോരാളികളായി മാറിയത്. 

 സീക്ക് (SEEK)

1979 ൽ റജിസ്റ്റർ ചെയ്ത കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയാണ് society for environmental education in kerala അഥവാ സീക്ക്(SEEK). പ്രകൃതി പഠനവും പരിസ്ഥിതി സംരക്ഷണവുമാണ് സീകിൻ്റെ അടിസ്ഥാന ലക്ഷ്യങ്ങൾ. കേരളീയ സമൂഹത്തിൻ്റെ താഴേ തട്ടിൽ വരേക്കും പരിസ്ഥിതി സംരക്ഷണത്തിൻ്റെ അധ്യായങ്ങൾ തുറന്ന് കൊടുക്കുക എന്ന വലിയ ഉദ്യമമാണ് സീക്ക് ഏറ്റെടുത്തിട്ടുള്ളത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പരിസ്ഥിതി പ്രക്ഷോപമായ സൈലൻ്റ് വാലി സമരത്തിൽ സീക്ക് വ്യക്തമായ പങ്കാളിത്തം കാണിച്ചിട്ടുണ്ട്.എഴുപതുകളുടെ ആദ്യ പാദത്തില്‍ പയ്യന്നൂര്‍ കോളജില്‍ രൂപീകരിച്ച 'സുവോളജിക്കല്‍ ക്ലബ്ബ് ' ആണ് സീക്കിൻ്റെ മാതൃ സംഘടന.കേരളത്തിന്റെ പാരിസ്ഥിതിക ആചാര്യന്‍ പ്രൊഫസര്‍ ജോണ്‍സി ജേക്കബിന്റെ നേതൃത്വത്തിലാണ് സീക്ക് രൂപം കൊള്ളുന്നത്.

         1981 ജനുവരിയിൽ സൂചീമുഖി എന്ന പേരിൽ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി വിദ്യാഭ്യാസ മാസിക സീക്ക് പുറത്തിറക്കി. പരിസ്ഥിതി സംരക്ഷണം, പ്രതിരോധം, പരിസ്ഥിതി വിദ്യാഭ്യാസം തുടങ്ങീ മേഖലയിൽ സൂചി മുഖി കൈവെച്ച വിഷയങ്ങൾ അനന്തമാണ്.കേരളത്തെ പാരിസ്ഥിതിക സാക്ഷരതയിലേക്ക് നയിച്ചതിൽ സൂചീമുഖിയുടെ പങ്ക് ചെറുതല്ല. പ്രകൃതി പഠന ക്യാമ്പുകളും പരിശീലന കോഴ്സുകളും സീക്കിൻ്റെ കീഴിൽ ഇന്നും നടന്ന് വരുന്നു.ആനുകാലിക പരിസ്ഥിതി പ്രശ്നങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്താൻ സീക്കിന് സാധിക്കുന്നുണ്ട്.

 തണൽ

     1986-ൽ പരിസ്‌ഥിതി വിദ്യാഭ്യാസത്തിലൂടെ അവബോധമുള്ള ഒരു പുതു തലമുറയെ പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച ഒരു സന്നദ്ധ സംഘടനയാണ് തണൽ. പാരിസ്ഥിതിക വിഷയങ്ങളിൽ കൃത്യമായ ഇടപെടലുകൾ തണൽ നടത്താറുണ്ട്. എന്ടോസള്ഫാന്റെ (endosulphan) ദൂഷ്യവശങ്ങളെ കുറിച്ച് ആഴത്തിൽ പഠിക്കുകയും അതിനെതിര ആഗോളതലത്തിൽ നിരോധനം ഏർപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാവുകയും ചെയ്‌തിരുന്നു. തനലിൻ്റെയ് പ്രധാന പ്രവർത്തന മേഖലയാണ് ജൈവ കൃഷി . അഗ്രോഎക്കോളജി തത്വങ്ങൾ അനുസരിച്ച് 300 ഇൽ അധികം നാടൻ അരിയിനങ്ങൾ , സുഗന്ധദ്രവ്യങ്ങൾ, കിഴങ്ങു വർഗങ്ങൾ, പച്ചക്കറികൾ എന്നിവ ജൈവവൈവിധ്യത്തോടു കൂടി സംരക്ഷിക്കുന്ന ഒരു അഗ്രോ എക്കോളജി സെന്റർ 2010 ഇൽ വയനാട് പനവല്ലിയിൽ സ്ഥാപിച്ചു.

 മാലിന്യ നിർമാർജന രംഗത്ത് സീറോ വേസ്റ്റ്, ഗ്രീൻ പ്രോട്ടോകോൾ, വികേന്ദ്രീകൃത ജൈവ , അജൈവമാലിന്യ സംസ്കരണം ,കാർബൺ തുലിത പദ്ധതിയുടെ ഭാഗമായുള്ള ട്രീ ബാങ്കിങ് തുടങ്ങിയ നിരവധി നൂതന ആശയങ്ങൾ തണൽ നടപ്പിലാക്കിയിട്ടുണ്ട്. ആദിവാസി മേഖലകളിലെ പുരോഗതിക്ക് വേണ്ടി നിരവധി ക്ഷേമ പ്രവർത്തങ്ങൾ തണൽ ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷകാലമായി പത്തനംതിട്ടയിലെ കുറുമ്പൻമൂഴയ് വാർഡിലെ ആദിവാസി ഊരുകളിൽ നബാർഡിന്റെ സഹായത്തോടെ സുസ്‌ഥിര ഉപജീവന പദ്ധതി നടപ്പിലാക്കി വരുന്നു.

 കേരള ജൈവ കർഷക സമിതി

     ജൈവകൃഷി, പരിസ്ഥിതി, ആരോഗ്യം, സന്തുഷ്ടി എന്നീ വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് പ്രർത്തിക്കുന്ന 1992 ൽ രൂപീകൃതമായ സംഘടനയാണ് കേരളാ ജൈവ കര്‍ഷക സമിതി. പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്ന ജൈവകൃഷിയിലേക്ക് കേരളത്തെ നയിച്ച് പ്രാദേശിക ഭക്ഷ്യോല്‍പാദനവും പ്രാദേശിക ഭക്ഷ്യോപഭോഗവും സാധ്യമാക്കി കര്‍ഷകര്‍ക്ക് ക്ഷേമവും ജനങ്ങള്‍ക്ക് ആരോഗ്യവും സമൂഹത്തിനാകെ സന്തുഷ്ടിയും കൈവരിക്കുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം.

      കേരളത്തില്‍ പരിസ്ഥിതി ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ശ്രീ ജോണ്‍സി ജേക്കബ്, പ്രകൃതി ജീവന ആശയങ്ങള്‍ക്ക് പ്രചാരം നല്‍കിയ ശ്രീ സി.ആര്‍.ആര്‍ വര്‍മ്മ, ജൈവകൃഷിയുടെ തത്വവും പ്രായോഗിക രൂപങ്ങളും പരിചയപ്പെടുത്തിയ ശ്രീ കെ.വി. ദയാല്‍ എന്നിവരുടെ മുന്‍കൈയ്യിലാണ് സമിതി രൂപം കൊണ്ടത്. ഇരുപത് വിഷയങ്ങൾ ഇരുപത് ദിവസങ്ങളിലായി പകർന്ന് നൽകുന്ന ജൈവ കൃഷി പഠന കോഴ്സ്, ജൈവകർഷകർ ഉത്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾ ന്യായ വിലയ്ക്ക് വിൽക്കുവാനും ജനങ്ങൾക്ക് വിഷരഹിത ഭക്ഷണം ലഭ്യമാക്കാനുള്ള നാട്ടുചന്ത, നാടൻ വിത്ത് സംരക്ഷണം എന്നിവ സംഘടനയുടെ പ്രധാന പദ്ധതികളാണ്. കൂടാതെ വയൽരക്ഷാ സംഗമം, ജൈവ ജീവിത സന്ദേശ യാത്ര തുടങ്ങിയ പഠന ബോധവൽക്കരണ പദ്ധതികളും സംഘടന നടത്തിവരുന്നു.

 റിവേർ റിസർച്ച് സെൻ്റർ

  നദികളുടെയും കാടുകളുടെയും സംരക്ഷണ പ്രവർത്തങ്ങൾ ലക്ഷ്യം വെച്ച് കൊണ്ട് 2002 ൽ തുടക്കം കുറിച്ച സംഘടനയാണ് റിവർ റിസർച്ച് സെൻ്റർ. നദീജല സംരക്ഷണത്തിൻ്റെ പ്രാധാന്യം ഗവേഷണ പഠനങ്ങളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് RRC ചെയ്യുന്നത്. കൂടാതെ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഒട്ടനവധി കാമ്പയിനുകളും ബോധവൽക്കരണ പ്രവർത്തനങ്ങളും RRC നടത്തി വരുന്നുണ്ട്. നദികളുമായി ബന്ധപ്പെട്ട ഗവേഷണ പഠന മേഖലയിൽ ഊന്നൽ നൽകി വിവിധ പ്രോജക്ടുകൾക്ക് സംഘടന കാർമികത്വം വഹിച്ചിട്ടുണ്ട്.“Tragedy of Commons – Kerala’s Experience with River Inter-linking” എന്ന പേരിൽ പ്രസിദ്ധീകരിച്ച പഠന ബുക്ക് RRC യുടെ ഗവേഷണ മികവിൻ്റെ ഉത്തമ ഉദാഹരണമാണ്.

         കേരളത്തിലുടനീളം സംഘടിപ്പിച്ച "ഒഴുകണം പുഴകൾ" എന്ന നദികളുടെ പ്രാധാന്യം വിളിച്ചോതുന്ന ക്യാംപയിൻ ഏറെ ശ്രേദ്ധ നേടിയിരുന്നു. നദീതീരങ്ങളിലെ ആദിവാസി ജനവിഭാഗങ്ങലുടെ ജീവിത മാർഗ്ഗം മെച്ചപ്പെടുത്തുന്നതിനുള്ള കർമ്മ പദ്ധതികളും സംഘടന നടത്തി വരുന്നുണ്ട്. ഇരുപതോളം സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികൾക്ക് നദികളെ അറിയാനും മനസ്സിലാക്കാനുമുള്ള ക്യാമ്പുകൾ ,നിരീക്ഷണ പ്രവർത്തനങ്ങൾ, പുഴയോര നടത്തങ്ങൾ തുടങ്ങിയവ RRC യുടെ വലിയ മുന്നേറ്റങ്ങലാണ്.

Next Post
1 Comments
  • Anonymous
    Anonymous May 25, 2022 at 4:30 PM

    🗞️

Add Comment
comment url