വൃക്ഷങ്ങളുടെ രഹസ്യജീവിതം - പീറ്റർ വോലെബെൻ
ദശകങ്ങൾ നീണ്ട അനുഭവജ്ഞാനത്തിൻ്റെ വെളിപ്പെടുത്തലുകളാണ് "വൃക്ഷങ്ങളുടെ രഹസ്യജീവിതം". ഒരു പുസ്തകത്തിലൂടെ ആർക്കും നിർണ്ണയിക്കാൻ കഴിയാത്ത മായലോകത്തേക്കാണ് പീറ്റർ വോലെബെൻ എന്ന വനപാലകൻ വായനക്കാരെ ക്ഷണിക്കുന്നത്. പ്രണയവും സൗഹൃദവും വാശിയും അതിജീവനവും ഉൾക്കൊണ്ട മരങ്ങളുടെ സാമൂഹിക ജീവിതമാണ് ഈ പുസ്തകത്തിൻ്റെ കാതൽ.
ആഴ്ന്നിറങ്ങിയ വേരുകൾ കൊണ്ട് മണ്ണിനെ മുറുകെ പിടിക്കുന്ന മരങ്ങളെ നമുക്ക് സുപരിചിതമാണ്.എന്നാൽ മണ്ണിനോടും കാറ്റിനോടും സംസാരിക്കുന്ന മരങ്ങളുടെ ജീവനുള്ള ചലനങ്ങളെയാണ് എഴുത്തുകാരൻ പരിചയപ്പെടുത്തുന്നത്. വൃക്ഷലോകത്തെ പങ്ക് വെക്കലുകളും പരസ്പരമുള്ള ഓർമ്മപ്പെടുത്തലുകളും വായനക്കാരെ വിസ്മയിപ്പിക്കുന്നുണ്ട്. വരികളിലെ സാഹിത്യത്തിന് മാറ്റ് കൂട്ടാനുള്ള വെറുമൊരു വാക്കായി "വൃക്ഷങ്ങളുടെ സംസാരത്തെ" കാണരുത്. മാറുന്ന ഋതു ഭേതങ്ങളിലും കണ്ണിമ ചിമ്മാതെ കൊരുത്തെടുത്ത നിരീക്ഷണങ്ങളുടെ നേർ സാക്ഷ്യമാണ് ഈ കൃതി. നിരീക്ഷണ പാടവമുള്ള വനപാലകൻ്റെ ഇരുപത് വർഷത്തെ കാഴ്ചകളാണ് ഈ പുസ്തകം വായനക്കാർക്ക് സമ്മാനിക്കുന്നത്.
മനുഷ്യായുസിനേക്കാൾ ദൈർഘ്യമുള്ള വൃക്ഷ ജീവിതങ്ങളെ പകർത്താനുള്ള എഴുത്തുകാരൻ്റെ ശ്രമം പൂർണ്ണ വിജയം നേടുന്നതായി നമുക്കു കാണാൻ സാധിക്കും.നാടകീയത നിറഞ്ഞ ഓരോ അധ്യായങ്ങളും പുതിയ അനുഭവങ്ങളായി മാറുകയാണ് ചെയ്യുന്നത്.
നമുക്കു ചുറ്റും നടക്കുന്ന ചെറു അനക്കങ്ങളെ പോലും കരുതലോടെ വീക്ഷിക്കാൻ വായനക്കാരെ പാകപ്പെടുത്തുന്നു എന്നതാണ് ഈ പുസ്തകത്തിൻ്റെ മറ്റൊരു പ്രത്യേകത.വായിക്കാതെ പോയാൽ തീരാനഷ്ട്ടമെന്ന് അടിവരയിട്ട് കുറിച്ച് വെക്കാൻ പാകത്തിലുള്ള ഒരു കൃതിയാണിത്.പ്രകൃതിയെ സൂക്ഷ്മമായി സമീപിക്കാൻ പ്രാപ്തമാക്കുന്ന വേറിട്ടൊരു അനുഭവം തന്നെയാണ് "വൃക്ഷങ്ങളുടെ രഹസ്യജീവിതം.
