ദേശീയോദ്യാനങ്ങൾ: പരിസ്ഥിതി സംരക്ഷണത്തിൻ്റെ പക്വമായ ഇടപെടൽ

വന്യജീവികളുടെയും ജൈവവൈവിധ്യത്തിന്റെയും ഉന്നമനത്തിനായി നിക്ഷിപ്തമായിരിക്കുന്നതും, വികസനം, വനവൽക്കരണം, വേട്ടയാടൽ, വേട്ടയാടൽ തുടങ്ങിയ പ്രവർത്തനങ്ങൾ അനുവദനീയമല്ലാത്തതുമായ പ്രദേശമാണ് ദേശീയോദ്യാനം. മതിയായ പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവും പ്രകൃതിദത്തവുമായ ഒരു പ്രദേശം ദേശീയ ഉദ്യാനമായി സർക്കാരിന് പ്രഖ്യാപിക്കാം. ഈ പാർക്കുകളിൽ സ്വകാര്യ ഉടമസ്ഥാവകാശം പോലും അനുവദനീയമല്ല. അതിരുകൾ കൃത്യമായി അടയാളപ്പെടുത്തുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സാധാരണയായി 100 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ചെറിയ റിസർവുകളായാണ് കാണപ്പെടുക. ഒരെയൊരു സസ്യത്തിൻ്റെ അല്ലെങ്കിൽ ജീവിയുടെ സംരക്ഷണത്തിനായി പോലും നാഷണൽപാർക്കുകൾ പ്രഖ്യാപിക്കപ്പെടാം. 

ദൈവത്തിൻറെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളം പച്ചപ്പിനാലും പ്രകൃതിഭംഗിയാലും ഏറെ പ്രസിദ്ധമാണ്. ലോക സഞ്ചാരികളെ ആകർഷിക്കും വിധം വൈവിധ്യമാർന്നതാണ് കേരളത്തിന്റെ ഭൂപ്രകൃതി. അപൂർവയിനം ജീവജാലങ്ങളാലും പക്ഷികളാലും സസ്യലതാദികളാലും നിറക്കപ്പെട്ടതാണ് കേരളത്തിലെ വനമേഖലകൾ. മറ്റു നാടുകളിൽ നിന്നും കേരളത്തെ പ്രത്യേകമാക്കുന്നതും കേരളത്തിൻറെ പ്രകൃതിയോടുള്ള ഇഴയടുപ്പം തന്നെയാണ്. കടലുകളാലും നദികളാലും അരുവികളാലും സമ്പുഷ്ടമാണ് ഇവിടം. കേരളത്തിലെ പ്രധാനപ്പെട്ട അഞ്ച് ദേശീയോദ്യാനങ്ങളിലേക്കും അവയുടെ ജൈവ വൈവിധ്യങ്ങളിലേക്കുമുള്ള ചെറിയൊരു എത്തിനോട്ടം....

ഇരവികുളം ദേശീയോദ്യാനം

പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയാൽ പ്രസിദ്ധമായ ഇടം. വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്ന മൂന്നാറിന്റെ ഒരു ഭാഗമാണ് പരിസ്ഥിതി പ്രാധാന്യം ഏറെയുള്ള ഇരവികുളം ദേശീയോദ്യാനം. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 97 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഇരവികുളം ഉല്ലാസയാത്ര യ്ക്കും പ്രകൃതിസൗന്ദര്യം നുകരാനും അനുയോജ്യമായ ഇടമാണ്. വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസ കേന്ദ്രമാണ് ഇവിടം. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ഇവിടുത്തെ പ്രത്യേകതയാണ്. ഇരവികുളത്തെ എക്കോ പോയിൻറ്,രാജമല എന്നിവിടങ്ങളിലേക്കാണ് സഞ്ചാരികൾ കൂടുതൽ എത്താറുള്ളത്. വരയാടുകളെ കൂട്ടമായി കാണപ്പെടുന്ന പ്രദേശമാണ് രാജമല. വരയാടുകളുടെ പ്രജനനകാലമായ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇരവികുളം സന്ദർശയോഗ്യമല്ല. അപൂർവ ഇനങ്ങളിൽപ്പെട്ട സസ്യജാലങ്ങളാണ് ഇവിടുത്തെ പ്രത്യേകത. അപൂർവമായ ഓർക്കിഡുകളും കാട്ടുപൂക്കളും നിറഞ്ഞതാണ് ഇവിടുത്തെ വഴികൾ. സഞ്ചാര പ്രിയർക്ക് വൈവിധ്യമാർന്ന അനുഭൂതികൾ നൽകുന്ന ഒരിടം കൂടിയാണ് ഇവിടം.

സൈലൻറ് വാലി ദേശീയോദ്യാനം

പാലക്കാട് ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്തായിട്ടാണ് സൈലൻറ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. സൈരന്ധ്രിവനം എന്നായിരുന്നു സൈലൻറ് വാലി യുടെ പഴയ നാമം 1984 ലാണ് കേന്ദ്രസർക്കാർ സൈലൻറ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കുന്തിപ്പുഴയുടെ ഉത്ഭവം കൂടിയാണ് ഇവിടം. പശ്ചിമഘട്ടങ്ങളുടെ പ്രധാന മേഖലയായ നീലഗിരി ബയോസ്ഫിയറിൽ ഉൾപ്പെടുന്ന വനപ്രദേശമാണ് സൈലൻറ് വാലി.സാധാരണ കാടുകളെ ശബ്ദം മുഖരിതമാകുന്ന ചീവീടുകളുടെ സാന്നിധ്യം ഇല്ലാത്തതുകൊണ്ട് തന്നെയാണ് നിശബ്ദ താഴ്‌വര എന്ന അർത്ഥം വരുന്ന സൈലൻറ് വാലി എന്ന നാമം ഇതിന് ലഭിച്ചത്. 2012ൽ യൂനെസ്കോ ആണ് ലോക പൈതൃക പദവി നൽകിയത്. കടുവ,പുള്ളിപ്പുലി, ആന, സിംഹവാലൻ കുരങ്ങ് വിവിധയിനം പാമ്പുകൾ മലബാർ ജയൻറ് സ്ക്വിറൽ എന്ന മലയണ്ണാൻ, കാട്ടുപോത്ത്, മ്ലാവ് തുടങ്ങി ഉഷ്ണമേഖലയിലെ ജീവ ജന്തു സമൂഹത്തിൽ കാണുന്ന എല്ലാ ജീവികളെയും ഇവിടെയും കാണാൻ കഴിയും. പക്ഷികളുടെയും നിശാശലഭങ്ങളുടെയും ചിത്രശലഭങ്ങളുടെയും തുമ്പികളുടെയും മറ്റു ചെറു പ്രാണികളുടെയും വൈവിധ്യമാർന്ന ഒരു നിര തന്നെ ഇവിടെയുണ്ട്. 110 ലേറെ ഇനം ഓർക്കിഡുകളും 400ഇനം നിശാശലഭങ്ങളും 200ലേറെ ഇനം ചിത്രശലഭങ്ങളും ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സന്ദർശകർക്ക് പ്രകൃതിഭംഗിയും പച്ചപ്പിന്റെ മനോഹാരിതയും പൂർണമാക്കി മനസ്സിലാക്കി കൊടുക്കാൻ കഴിയുന്ന ഒരു പാഠശാല കൂടിയാണ് ഇവിടം.

പാമ്പാടുംചോല ദേശിയോദ്യാനം

ഇടുക്കി ജില്ലയിലെ മറയൂർ വില്ലേജിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ് പാമ്പാടുംചോല ദേശിയോദ്യാനം. 2003 ലാണ് ഇവിടം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. മൂന്നാറിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് ഇവിടം. കൂട്ടമായുള്ള കാട്ടുപോത്തുകളാൽ സജീവമാണ് ഇവിടം. ആനയും കടുവയും വല്ലപ്പോഴും കടന്നു വന്ന് സാന്നിധ്യം അറിയിക്കും. കാട്ടുനായ, മ്ലാവ് തുടങ്ങിയ മൃഗങ്ങൾ ഇവിടുത്തെ പ്രത്യേകതയാണ്. പശ്ചിമഘട്ടത്തിലെ അപൂർവയിനമായ നീലഗിരി മാർട്ടെൻ എന്നറിയപ്പെടുന്ന മരനായ ആണ് ഇവിടുത്തെ വ്യത്യസ്ത. പാമ്പാടും ചോലയിൽ നിന്നും ഏഴു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന വട്ടവടയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ശീതകാല പച്ചക്കറി കൃഷി ആണ് ഇവിടുത്തെ ആകർഷണം. ഉഷ്ണകാലത്ത് ചൂട് അകറ്റാൻ വരുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഇവിടം.

മതികെട്ടാൻ ചോല ദേശീയോദ്യാനം

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ ഉൾപ്പെട്ടതാണ് മതികെട്ടാൻ ചോല ദേശീയോദ്യാനം.2008 ലാണ് ഈ പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. അത്യപൂർവ്വമായ ചോലപുൽമേട് ഇവിടുത്തെ പ്രത്യേകതയാണ്. പനിയാറിൻറെ കൈവഴികളായ ഉച്ചിൽകുത്തി പുഴ, മതികെട്ടാൻ പുഴ, ഞാണ്ടാർ എന്നീ മൂന്ന് അരുവികൾ എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്. നിത്യഹരിതവനങ്ങളും ഈർപ്പമുള്ള ഇലപൊഴിയും വനങ്ങളും ഷോല പുൽമേടുകളും അർദ്ധ നിത്യഹരിതവനങ്ങളും ഇവിടെയുണ്ട്. കാട്ടുപന്നി, കാട്ടുപട്ടി, കാട്ടുപൂച്ചഎന്നിവയാൽ സമ്പന്നമാണ് ഇവിടം. ഔഷധസസ്യങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇവിടെയുണ്ട്. അത്യപൂർവ്വമായ ചോല പുൽമേട് ആവാസവ്യവസ്ഥയാണ് ഇവിടുത്തെ വ്യത്യസ്ഥത.

ആനമുടി ചോല ദേശീയോദ്യാനം

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ആനമുടി ചോല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 2004ലാണ് ഇവിടം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. ഇടുക്കി ജില്ലയിലെ പടിഞ്ഞാറൻ ചുരങ്ങളോട് ചേർന്നാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.7.5 ചതുരശ്രകിലോമീറ്ററാണ് വിസ്തീർണ്ണം. മന്നവൻചോല, ഇടി വരച്ചോല, പുല്ലരടി ചോല എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് ഇവിടം.കേരള വനം വകുപ്പിന് കീഴിലെ മൂന്നാർ ഡിവിഷനാണ് ഇതിൻറെ മേൽനോട്ടം വഹിക്കുന്നത്.


                പരിസ്ഥിതി വ്യവസ്ഥകളെയും അവയ്ക്കുള്ളിലെ സസ്യജാലങ്ങളെയും പിന്തുണയ്‌ക്കുന്നതിലൂടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിനും നാഷണൽ പാർക്കുകൾ സഹായിക്കുന്നു. ഉയർന്ന അളവിലുള്ള ജൈവവൈവിധ്യങ്ങൾ ആവാസവ്യവസ്ഥയെ ആരോഗ്യകരവും പ്രതിരോധശേഷിയുള്ളതുമാക്കി നിലനിർത്തുന്നു. അതിനർത്ഥം കാലാവസ്ഥാ നിയന്ത്രണം, വായു, ജല ശുദ്ധീകരണം, പരാഗണം എന്നിവ പോലുള്ള സുപ്രധാന കാര്യങ്ങൾക്ക് കോട്ടം സംഭവിക്കുന്നില്ല എന്നാണ്. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ജൈവവൈവിധ്യം സംരക്ഷിക്കുന്നത് അത്യന്താപേക്ഷിതമാണ്.

ദേശീയ പാർക്കുകൾ തദ്ദേശീയ സസ്യങ്ങൾക്കും മൃഗങ്ങൾക്കും സുരക്ഷിതമായ ഭവനം നൽകുന്നു. വായുവും വെള്ളവും ശുദ്ധമായി സൂക്ഷിക്കാൻ അവ സഹായിക്കുന്നു. നാഷണൽ പാർക്കുകൾ നമുക്ക് ആസ്വദിക്കാനുള്ള ഇടങ്ങളായും മാറുന്നവയാണ്.

Next Post Previous Post
No Comment
Add Comment
comment url